പൊന്ന് കേറി കേറി എങ്ങോട്ടിത്? ഇന്നും വര്‍ധന; സ്വര്‍ണം ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും കുതിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 480 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,02,280 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 60 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 12,785 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

വെനസ്വേലയിലെ ട്രംപിന്റെ അട്ടിമറി നീക്കം, ഗ്രീന്‍ലന്‍ഡ് പിടിച്ചടക്കാനുള്ള നീക്കം അമേരിക്ക നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ അന്താരാഷ്ട്ര തലത്തില്‍ സൃഷ്ടിച്ച ആശങ്കകളാണ് സ്വര്‍ണവില ഇന്നും ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.