സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആശമാര്‍. സമര രീതി മാറ്റി ജില്ലകളിലേക്ക് സമരം കേന്ദ്രീകരിക്കാനും ധാരണയായി. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സമര നേട്ടമെന്നാണ് വിലയിരുത്തുന്നത്. ഇന്ന് എട്ടരയ്ക്ക് നിര്‍ണായക പ്രഖ്യാപനമെന്ന് സമര നേതാവ് എം എ ബിന്ദു പറഞ്ഞു. സമരം തീരുമോ എന്ന കാര്യത്തിലും ഇന്ന് എട്ടരയ്ക്ക് പ്രഖ്യാപനം ഉണ്ടാകും.
ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുക 266 ആം ദിവസത്തിലാണ്. നാളെ സമരപ്രതിജ്ഞ റാലിയോടെ സമരം അവസാനിപ്പിക്കും. രാപ്പകല്‍ സമരം അവസാനിപ്പിച്ച് ജില്ലാ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാനും ധാരണയായി. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക പെന്‍ഷന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നത് വരെ വിവിധ രീതിയിലുള്ള സമരം തുടരും.

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചത് സമര വിജയമായി തന്നെയാണ് ആശ സമരസമിതി വിലയിരുത്തുന്നത്. എന്നാല്‍ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ജില്ലകളില്‍ സമരം തുടരാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വര്‍ധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നുമാണ് ആശാ വര്‍ക്കര്‍മാര്‍ അറിയിച്ചിരുന്നത്. ഓണറേറിയം 21000 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് ആയിരം രൂപയുടെ വര്‍ധനവ് ആശമാര്‍ക്ക് ഉണ്ടായിരിക്കുന്നത്. 1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ പ്രതികരണം.

 
									 
			 
			 
			