ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽക്കാലികമായി നിർത്തിവെച്ചു. നവംബർ 24 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

അതേസമയം ശബരിമലയില്‍ ദര്‍ശനപുണ്യം തേടി തീർത്ഥാടക പ്രവാഹം തുടരുന്നു. മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നര ലക്ഷത്തോളം ഭക്തര്‍. ഇന്നലെ സ്പോട്ട് ബുക്കിങ്ങിന് എത്തിയത് 14000ത്തിൽ അധികം പേരാണ്. സ്പോട്ട് ബുക്കിങ് 5000 ആക്കുന്നതോടെ തീർഥാടകർ കാത്തു നിൽക്കേണ്ടിവരും. മറ്റു ദിവസങ്ങളിൽ ബുക്ക് ചെയ്തുകൊണ്ട് നേരത്തെ എത്തിയവർ 28,000 ഓളം പേരാണ്. നിലവിൽ ശബരിമല സന്നിധാനത്ത് പതിവു തിരക്ക് മാത്രമാൻ അനുഭവപ്പെടുന്നത്.
ശബരിമലയില്‍ വെർച്യുവൽ ക്യൂവിലൂടെ എത്തുന്ന എല്ലാ ഭകതര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് പൊലീസ് അറിയിച്ചു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും . സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർഥാടകർക്ക് ഇന്നുമുതൽ കർശന നിയന്ത്രണം ഉണ്ടാകും.
