മേയറെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ശേഷിക്കെ തൃശൂരിലും തർക്കം രൂക്ഷം. ഡോ.നിജി ജസ്റ്റിനെ മേയർ ആക്കുന്നതിനെതിരെയാണ് ഒരു വിഭാഗം കൗൺസിലർമാരുടെ പ്രതിഷേധം. മുൻ പരിചയമുള്ള ലാലി ജെയിംസ് സുബി ബാബുവിനെയും തഴഞ്ഞതിലാണ് പ്രതിഷേധം. മുൻ പരിചയം ഇല്ലാത്ത നിജിയെ മേയർ ആക്കുന്നതിന് പിന്നിൽ കെസി ഗ്രൂപ്പിന്റെ നീക്കമെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
പ്രഖ്യാപനം വരാൻ മണിക്കൂറുകൾ ശേഷിക്കെ നേതൃത്വത്തിന് പരാതി നൽകാനാണ് ഒരു വിഭാഗം കൗൺസിലർമാരുടെ നീക്കം. കൊച്ചി കോർപ്പറേഷനിൽ മേയറെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായി. ഇതിന് പിന്നാലെയാണ് തൃശൂരിലും കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നത്.
കൊച്ചി മേയർ പദത്തിലേക്ക് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ പരിഗണിക്കാത്തതിനെ ചൊല്ലിയാണ് കോൺഗ്രസിൽ ഭിന്നത രൂക്ഷമായത്. തിരഞ്ഞെടുപ്പിൽ തന്നോട് നേതൃത്വം നൽകാൻ പറഞ്ഞത് പ്രതിപക്ഷ നേതാവാണെന്നും തനിക്ക് കൗൺസിലർമാരുടെ പിന്തുണ ഇല്ല എന്ന് പറയുന്നത് അംഗീകരിക്കാൻ ആകില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞിരുന്നു.
