മിന്‍റ് ടീ, ഗ്രീന്‍ ടീ, തേങ്ങാവെള്ളം: ഇനി തടി കുറയുന്നുണ്ടോ എന്ന് നോക്കൂ..

ഇതാ തടി കുറയ്ക്കാനായി, അത്ര കഷ്ടപ്പെടാതെ ഉണ്ടാക്കാനും കുടിക്കാനും കഴിയുന്ന ചില പാനീയങ്ങള്‍.

എന്തുചെയ്തിട്ടെന്താ തടിക്കൊരു കുറവുമില്ലെന്നേ.. രാവിലെ വെറു വയറ്റില്‍ പാവയ്ക്കാ ജ്യൂസും ഇളനീര്‍ ജ്യൂസും ഒക്കെ കഷ്ടപ്പെട്ട് കഴിച്ചു നോക്കി, തടി കൂടുക എന്നല്ലാതെ കുറയുന്ന ലക്ഷണമില്ലെന്നാണോ പരാതി. ഇതാ അത്ര കഷ്ടപ്പെടാതെ ഉണ്ടാക്കാനും കുടിക്കാനും കഴിയുന്ന ചില പാനീയങ്ങള്‍. സ്ഥിരമായി വ്യായാമം ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ഒരു ഭക്ഷണക്രമവും പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് മികച്ച ഫലം നല്‍കും.

മിന്‍റ് ടീ

മിന്‍റ് ടീ ഭക്ഷണങ്ങളോടുള്ള അമിതാവേശം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മിന്‍റ് ടീ അസമയങ്ങളില്‍ ഉണ്ടാകുന്ന വിശപ്പിനെ ഇല്ലാതാക്കുന്നു. ഭക്ഷണത്തിനു ശേഷം ഒരു ഗ്ളാസ് മിന്‍റ് ടീ കുടിക്കുന്നത് വയറിന്‍റെ അസ്വസ്ഥതകളും അമിതമായ വിശപ്പും ഇല്ലാതാക്കും. സ്വാഭാവികമായും അത് ശരീരഭാരം കുറയ്ക്കും.

ഗ്രീന്‍ ടീ

നല്ല ഗുണങ്ങള്‍ മൂലം ഇക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഇതൊരു മികച്ച കാലറി രഹിത പാനീയമാണ്. പഞ്ചസാര ചേര്‍ക്കാതെ, ഇളം ചൂടുള്ള ഗ്രീന്‍ ടീ മാത്രമായി കുടിക്കുന്നതാണ് ഗുണപ്രദം. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവര്‍ക്ക് അത് സ്ഥിരമായി ഉപയോഗിക്കാത്തവരെക്കാള്‍ കൂടിയ നിരക്കില്‍ ഭാരം കുറയുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

തേങ്ങാവെള്ളം

ചില ജ്യൂസുകളില്‍ കൂടിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടാവും. അത് ഭക്ഷണക്രമത്തെ തന്നെ തകിടം മറിക്കും. അതിനാല്‍, കുറഞ്ഞ കലോറിയുള്ള ജ്യൂസുകള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധ പുലര്‍ത്തുക. ഈ അര്‍ത്ഥത്തില്‍ മികച്ച ഒരു ഉപാധിയാണ് കരിക്കിന്‍വെള്ളം. സ്വാഭാവിക രുചിയും ഇടത്തരം മധുരവും ആരോഗ്യപരമായ നിരവധി ഗുണങ്ങളും കരിക്കിന്‍ വെള്ളത്തെ വ്യത്യസ്തമാക്കുന്നു.