ഉത്തര്‍പ്രദേശ് മദ്രസാ നിയമം ശരി വെച്ച് സുപ്രീംകോടതി, അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി

ഉത്തര്‍പ്രദേശിലെ മദ്രസാ വിദ്യാഭ്യാസ നിയമം ശരി വെച്ച് സുപ്രീംകോടതി. മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മതേതരത്വത്തിന്റെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തര്‍പ്രദേശ് മദ്രസ ബോര്‍ഡ് ആക്റ്റ് 2004, ഈ വര്‍ഷം മാര്‍ച്ചിലാണ് അലഹബാദ് ഹൈക്കോടതി റദ്ദാക്കുന്നത്. മദ്രസ വിദ്യാര്‍ത്ഥികളെ ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഏപ്രിലില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമത്തിന്റെ സാധുത തീരുമാനിക്കുന്നത് വരെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ചായിരുന്നു അന്ന് സുപ്രീംകോടതിയുടെ നടപടി. മദ്രസകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബോര്‍ഡുകളെ ശക്തിപ്പെടുത്താനാണ് ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമംകൊണ്ടുവന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഇന്ന് വന്ന നിര്‍ണായക വിധി. ഉത്തര്‍പ്രദേശ് മദ്രസ നിയമം ശരിവെച്ച സുപ്രീംകോടതി തങ്ങള്‍ ഭരണഘടനാ സാധുത ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട് വിധിയുടെ തുടക്കത്തില്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ക്രിയാത്മകമായ ബാധ്യതയുമായി ഈ നിയമം പൊരുത്തപ്പെടുന്നുവെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്കുള്ളത് പരമാധികാരം അല്ലെന്നും സര്‍ക്കാരുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടന വകുപ്പിനെതിരാണ് മദ്രസ നിയമമെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തിയത് തെറ്റാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നിയമനിര്‍മ്മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ പരിശീലനമോ നിര്‍ദ്ദേശമോ ഉള്‍ക്കൊള്ളുന്നത് ഭരണഘടന വിരുദ്ധമല്ലെന്നും വിധിയില്‍ പറഞ്ഞു. നിയമത്തിലെ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങള്‍ നിയന്ത്രിക്കുന്ന വ്യവസ്ഥകള്‍ ഭരണഘടന ബെഞ്ച് ഒഴിവാക്കി. ഉന്നത ബിരുദങ്ങള്‍ നിയന്ത്രിക്കാനുള്ള വ്യവസ്ഥകള്‍ യുജിസി ചട്ടങ്ങള്‍ക്ക് എതിരാണെന്ന് സുപ്രീംകോടതി വിധിയില്‍ പ്രസ്താവിച്ചു. ഹര്‍ജികളില്‍ വിശദമായ വാദം കേട്ടതിനു ശേഷമാണ് സുപ്രീംകോടതി ഇന്ന് നിര്‍ണായകവിധി പ്രസ്താവിച്ചത്.