സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ല; കിറ്റുകൾ തിരിച്ചയച്ചു

കൊവിഡ് പരിശോധനക്കായി സർക്കാർ വാങ്ങിയ ആന്റിജൻ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ. അയ്യാരത്തിലേറെ പരിശോധനകളിൽ ഫലം കൃത്യമല്ലെന്ന് വ്യക്തമായതായി ആരോഗ്യ വകുപ്പ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിച്ചിരുന്ന
മുപ്പത്തിരണ്ടായിരത്തിലേറെ കിറ്റുകൾതിരിച്ചയച്ചു.

പുനൈ ആസ്ഥാനമായ മൈ ലാബ് ഡിസ്‌കവറി സൊലൂഷൻസിൽ നിന്ന്ആരോഗ്യ വകുപ്പ് വാങ്ങിയത് ഒരു ലക്ഷം ആന്റിജൻ കിറ്റുകൾ.62,858 കിറ്റുകൾ ഉപയോഗിച്ചു.5020 കിറ്റുകളിലെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തി.ഇതേത്തുടർന്നാണ് ബാക്കിയായ 32,122 കിറ്റുകൾ തിരിച്ചയക്കാൻ തീരുമാനിച്ചത്.കിറ്റൊന്നിന് 459 രൂപ എന്ന നിരക്കിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ സംഭരിച്ച കിറ്റുകൾക്ക് നൽകേണ്ടത് 4,59, 20,000 രൂപ.

ഉപയോഗിച്ച കിറ്റുകളുടെ തുക കമ്പനിക്ക് നൽകാൻഅരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. ആദ്യ ഗഡുവായി നൽകിയ 2,29,60,000 പുറമെ 59,04,393 രൂപ കൂടി കമ്പനിക്ക് നൽകാനാണ് ഉത്തരവ്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കിറ്റുകളുടെയും മടക്കിയച്ച കിറ്റുകളുടെയും തുക നൽകില്ല.

അതേസമയം, മറ്റ് കമ്പനികളുടെ കിറ്റുകൾ സ്‌റ്റോക്കുള്ളതിനാൽ പരിശോധന മുടങ്ങുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വിവിധ കമ്പനികളുടെ 10 ലക്ഷം രൂപയുടെ ആർടിപിസിആർ പരിശോധനാ കിറ്റുകൾ കൂടി വാങ്ങാനൊരുങ്ങുകയാണ് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ.