കർണാടകയും തമിഴ്നാടും തിങ്കളാഴ്ച്ച മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ വാളയാർ അടക്കമുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്. ഇന്ന് കൂടുതൽ പേർ സംസ്ഥാനത്തേക്ക് എത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കം. അതേസമയം, പാലക്കാട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 30 ശതമാനം കടന്നു.
റെഡ് സോണിനടത്തു നിൽക്കുകയാണ് ജില്ലയിലെ കൊവിഡ് കണക്ക്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 3212 പേർക്ക്. ഇതിൽ പകുതിയും ഉറവിടം അറിയാത്ത കേസുകളാണ്. 30.55 ആണ് ടെസ്റ്റ് പോസിറ്റീവിറ്റി. 212 കൊവിഡ് മരണം ഇതു വരെ ജില്ലയിലുണ്ടായി. നിലവിൽ പാലക്കാട്, ഷൊർണൂർ, ഒറ്റപ്പാലം നഗരസഭകളിലാണ് വലിയ അളവിൽ കൊവിഡ് വ്യാപനം. കൊപ്പം, വിളയൂർ, പെരുമാട്ടി, വടക്കുഞ്ചേരി, മാത്തൂർ എന്നിവിടങ്ങളിലും രോഗവ്യാപന തോത് ഉയരുന്നുണ്ട്.

ഇനി ചികിത്സയിലുള്ളവരുടെ എണ്ണം 26587 ആണ്. അയൽ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേക്ക് പോകുന്ന സാഹചര്യത്തിൽ വാളയാറടക്കമുള്ള അതിർത്തികൾ കടന്ന് കൂടുതൽ പേർ കേരളത്തിൽ എത്താനുള്ള സാധ്യത പൊലീസ് മുന്നിൽ കാണുന്നുണ്ട്. പാസുകൾ ഉള്ളവർക്ക് മാത്രമാകും സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിയ്ക്കുക.