48 മണിക്കൂറിൽ രണ്ട് കൊവിഡ് കെയർ സെന്ററുകൾ നിർമിച്ച് രാജസ്ഥാൻ

48 മണിക്കൂറിനുള്ളിൽ രണ്ട് താൽക്കാലിക കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ച് രാജസ്ഥാൻ. ബാർമർ ജില്ലയിലെ മരുഭൂമികളിലാണ് കണ്ടെയ്‌നറുകളും ബംഗറുകളും ഉപയോഗിച്ച് താൽക്കാലികമായി കൊവിഡ് കെയർ സെന്ററുകൾ നിർമ്മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് എംഎൽഎ ഹരീഷ് ചൗധരിയുടെ നേതൃത്വത്തിൽ എഫ്എൽടിസികൾ നിർമ്മിച്ചത്.

സന്നദ്ധപ്രവർത്തകരും നിർമാണത്തിൽ പങ്കാളികളാണ്. സർക്കാരിൽ നിന്നും ഒരു രൂപപോലും കൈപ്പറ്റാതെയാണ് 48 മണിക്കൂറിനുള്ളിൽ സെന്ററുകൾ നിർമ്മിച്ചതെന്ന് ഹരീഷ് ചൗധരി പറഞ്ഞു.
കൊവിഡ് പോസിറ്റീവ് ആയവർക്കും രോഗ ലക്ഷണങ്ങൾ കാണിക്കുന്നവർക്കും പ്രാഥമിക ചികിത്സ ഇത്തരം കെയർ സെന്ററുകളിൽ ലഭ്യമാകും.
ആകെ ഉള്ള 100 കിടക്കകളിൽ 10 ഓക്‌സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. രാജസ്ഥാനിലെ കൊവിഡ് രോഗികളിൽ 40 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ നിന്നാണ്. ഇത്തരം കൊവിഡ് കെയർ സെന്ററുകൾ ഉണ്ടെങ്കിലെ ഗ്രാമപ്രദേശങ്ങളിലെ കോവിഡ് വ്യാപനത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

കൊവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. 18,000 പുതിയ കേസുകൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.