പോരായ്മയേറിയ പദ്ധതി; എസ്‌സി- എസ്ടി വിഭാഗക്കാര്‍ക്കായുള്ള പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും നടത്തുന്നത് ഏറെയും ഇതര വിഭാഗക്കാര്‍

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി കൊണ്ടുവന്ന പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി പദ്ധതി സംസ്ഥാനത്ത് പൂര്‍ണപരാജയം. ഇവര്‍ക്ക് അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും നടത്തുന്നതില്‍ ഒട്ടേറെയും ബിനാമികള്‍. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകളില്‍ ഡീലര്‍ഷിപ്പെടുത്തശേഷം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടപാട് നടത്തും. പമ്പിനായി സ്ഥലം നല്‍കിയും പാര്‍ട്ടണര്‍മാരായി മാറി പമ്പ് കൈക്കലാക്കിയവരും നിരവധിയാണ്.

ഒരു ഗ്യാസ് ഏജന്‍സി ഡീലറായ പട്ടിക വിഭാഗക്കാരന്‍ താമസിച്ചിരുന്ന വീട് ടാര്‍പായ കൊണ്ട് കെട്ടിമറച്ചതാണെന്ന സത്യാവസ്ഥയും ഞെട്ടിക്കുന്നു. കഴിഞ്ഞ മൂന്നു മാസം മുമ്പുവരെ ഇദ്ദേഹം താമസിച്ചിരുന്നത് ഇവിടെയാണെന്ന് അറിയുമ്പോഴാണ് പദ്ധതിയിലെ പരാജയം വ്യക്തമാകുന്നത്. തിരുവനന്തപുരത്തെ കാട്ടാക്കടയില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള ഗ്യാസ് ഏജന്‍സി ഇപ്പോഴും വിജയകരമായി പോകുന്നു. നടത്തുന്നത് മറ്റു ചിലരാണെന്ന് മാത്രം.

ജഗതിയിലുള്ള പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പ് ലഭിച്ചത് മുതല്‍ പവര്‍ ഓഫ് അറ്റോര്‍ണി വച്ച് മറ്റൊരാളുടെ സാമ്പത്തിക സഹായത്താലായിരുന്നു പ്രവര്‍ത്തിച്ചത്. പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയ വ്യക്തി മരണപ്പെട്ടപ്പോള്‍ മക്കള്‍ ഓഹരിക്ക് അവകാശം ഉന്നയിച്ചതോടെ പമ്പ് കേസിലുമായി.

പട്ടിക ജാതി- പട്ടിക വര്‍ഗ വിഭാഗക്കാരെ ഉപയോഗിച്ച് അപേക്ഷ നല്‍കി അവരുടെ രേഖകള്‍ ഉപയോഗിച്ച് പമ്പ് അനുവദിപ്പിക്കും. പമ്പ് തുടങ്ങുന്നതിനുള്ള സ്ഥലവും നല്‍കും. പിന്നീട് പമ്പും ഗ്യാസ് ഏജന്‍സിയും നടത്തുന്നത് ഇതര വിഭാഗങ്ങളായിരിക്കും. ഉപയോഗിക്കുക പിന്നാക്ക വിഭാഗക്കാരന്‍ അപേക്ഷയ്ക്കൊപ്പം നല്‍കിയ ബാങ്ക് അക്കൗണ്ടും.