സര്‍ക്കാരില്‍ നിന്ന് നേരിട്ടുള്ള ഇടപെടലില്ലാതെ ലൈറ്റ് ആന്റ് സൗണ്ട്, പന്തല്‍ അനുബന്ധമേഖല മുന്നോട്ടുപോകില്ലെന്ന് ലൈറ്റ് ആന്റ് സൗണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു രാഗം.
ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഈ മേഖലയിലെ അഞ്ച് പേരാണ് ഇതിനോടകം ആത്മഹത്യ ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം അനുസരിച്ച് തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക പ്രതിസന്ധിമറികടക്കാന്‍ കഴിയുമെന്ന് ബിജു ട്വന്റിഫോറിനോട് പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് അനുമതി വേണമെന്നും ഓരോ തൊഴിലാളി ആത്മഹത്യ ചെയ്തപ്പോഴും ബന്ധപ്പെട്ടവരോട് തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നെന്നും ബിജു രാഗം വ്യക്തമാക്കി. ‘കൊവിഡ് സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ വായ്പ ലഭ്യമാക്കണം. അതുമല്ലെങ്കില്‍ കൊവിഡ് പ്രതിസന്ധി തീരുന്നത് വരെ പ്രതിമാസം 2000 രൂപയെങ്കിലും ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ തൊഴിലാളികളുടെ കുടുംബത്തിന് നല്‍കണം’. ബിജു രാഗം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ പൊന്നുമണി ആത്മഹത്യ ചെയ്തത്. പൊന്നുമണിയെ പുലര്‍ച്ചെ വീടിനുള്ളില്‍ വിഷം കഴിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാള്‍ നേരിട്ടിരുന്നു. ഇതില്‍ മനം മടുത്താണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.