സ്റ്റീവൻ ജെറാർഡിന്റെ റേഞ്ചേഴ്സിൽ കഴിഞ്ഞ വർഷം കളിച്ച താരം ജംഷഡ്പൂരിൽ

വരുന്ന ഐഎസ്എൽ സീസണു മുന്നോടിയായി വമ്പൻ സൈനിംഗ് നടത്തി ജംഷഡ്പൂർ എഫ്സി. കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ലീഗായ റേഞ്ചേഴ്സിൽ കളിച്ച സ്രെഗ് സ്റ്റുവർട്ടിനെയാണ് ജംഷഡ്പൂർ ടീമിലെത്തിച്ചത്. ലിവർപൂൾ ഇതിഹാസ താരം സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സ് കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് പ്രീമിയർ ലീഗ് കിരീടം നേടിയിരുന്നു.

അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഈ 31 വയസ്സുകാരൻ ബിർമിംഗ്‌ഹാം സിറ്റി അടക്കം ഇംഗ്ലണ്ടിലെയും സ്കോട്‌ലൻഡിലെയും വിവിധ ക്ലബുകളിൽ കളിച്ചിട്ടുണ്ട്. 2019 സീസണിൽ റേഞ്ചേഴ്സിലെത്തിയ താരം 21 മത്സരങ്ങളിൽ നിന്നായി മൂന്ന് ഗോളുകളാണ് നേടിയിട്ടുള്ളത്. 350ൽ പരം ക്ലബ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 70ഓളം ഗോളുകളും നേടി.

അതേസമയം, വരുന്ന ഐഎസ്എൽ സീസണിൻ്റെ ഉദ്ഘാടന മത്സരത്തിലും എടികെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ ഏറ്റുമുട്ടുമെന്ന് റിപ്പോർട്ട്. നവംബർ 19നാണ് ഐഎസ്എൽ സീസൺ ആരംഭിക്കുക. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ മൂന്ന് മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം.

വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

സീസണിലെ ഡബിൾ ഹെഡറിൻ്റെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആഴ്ചാവസാനത്തിലുള്ള ഡബിൾ ഹെഡറുകൾ ഇനി മുതൽ രാത്രി 9.30നാണ് ആരംഭിക്കുക. മറ്റ് ദിവസങ്ങളിൽ 7.30നു തന്നെയാണ് മത്സരങ്ങൾ. കഴിഞ്ഞ സീസൺ വരെ ഡബിൾ ഹെഡറുകൾ ഉള്ള ദിവസങ്ങളിൽ വൈകിട്ട് 5.30ന് മത്സരം ആരംഭിക്കുമായിരുന്നു. ഇതാണ് രാത്രി 9.30ലേക്ക് മാറ്റിയത്.

സമയമാറ്റം സംബന്ധിച്ച വിവരം ലീഗ് അധികൃതർ ടീമുകളെ അറിയിച്ചിട്ടുണ്ട്. രാത്രി 9.30ന് മത്സരം ആരംഭിക്കുമ്പോൾ അത് കളിക്കാർക്കും ആശ്വാസമാണ്. വൈകിട്ട് 5.30നുള്ള മത്സരത്തിൽ ഹ്യുമിഡിറ്റി പ്രശ്നമാവാറുണ്ടായിരുന്നു. രാത്രിയിലേക്ക് മത്സരം മാറ്റുമ്പോൾ അത് കളിക്കാർക്കും സഹായകരമാണ്. പുതിയ സീസണിലേക്കുള്ള മത്സരക്രമം ഈ ആഴ്ച തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.