ചാമ്പ്യൻസ് ലീഗ്: വീണ്ടും ബാഴ്സയെ തകർത്ത് ബയേൺ; മാഞ്ചസ്റ്ററിന് ഞെട്ടിക്കുന്ന തോൽവി

ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയ്ക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം.

ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളിൽ ടെർ സ്റ്റേഗനെ കീഴടക്കിയ റൊബർട്ട് ലെവൻഡോവ്സ്കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്സക്കായി യുവതാരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.

2020 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ബയേൺ തകർത്തിരുന്നു.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഗ്രൂപ്പിലെ കുഞ്ഞന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്ററിനെ കീഴടക്കിയതോടെ ഗ്രൂപ്പ് കൂടുതൽ ആവേശകരമായി. 13ആം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ, 35ആം മിനിട്ടിൽ യുവ ഡിഫൻഡർ ആരോൺ വാൻ-ബിസാക്ക ചുവപ്പു കാർഡ് ലഭിച്ച് പുറത്തുപോയത് അവർക്ക് കനത്ത തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ മാഞ്ചസ്റ്ററിനെ കടന്നാക്രമിച്ച യങ് ബോയ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. 66ആം മിനിട്ടിൽ മൗമി ങ്കമാലെയുവിലൂടെ സമനില പിടിച്ച സ്വിസ് ടീം ഇഞ്ചുറി ടൈമിലെ അവസാന മിനിട്ടിൽ തിയോസൺ സിബച്ചെയുവിലൂടെ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ഒരാളെ നഷ്ടപ്പെട്ടത് മാഞ്ചസ്റ്ററിൻ്റെ താളം തെറ്റിച്ചെങ്കിലും ലക്ഷ്യബോധമില്ലാത്ത സബ്സ്റ്റിറ്റ്യൂഷനുകൾ നടത്തിയ പരിശീലകൻ ഒലെ സോൾഷ്യാർ ആണ് മാഞ്ചസ്റ്ററിൻ്റെ തോൽവിക്ക് കാരണമായത്.

ഗ്രൂപ്പ് എച്ചിൽ സെനിതിനെ ചെൽസി ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി. റൊമേലു ലുക്കാക്കുവാണ് ഗോൾ നേടിയത്. ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് യുവൻ്റസ് മാൽമോയെ തകർത്തു. അലക്സ് സാൻഡ്രോ, പൗളോ ഡിബാല, അൽവാരോ മൊറാട്ട എന്നിവരാണ് ഗോൾ നേടിയത്.