എലിപ്പനിയെ സൂക്ഷിക്കുക; എങ്ങനെ പ്രതിരോധിക്കാം?

അണുക്കള്‍ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതല്‍ പത്ത് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങാം. ആദ്യത്തെ ലക്ഷണമായി മിക്കതും കാണുന്നത് പനിയായിരിക്കും. നല്ല ശക്തമായ പനി അനുഭവപ്പെടും. അതുപോലെ ദേഹത്താകമാനം ചൊറിച്ചിലും ചുവന്ന് തുടുത്ത് പാടുകളും കാണപ്പെടുവാനും തുടങ്ങും. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

മഴക്കാലത്ത് വിവിധ തരത്തിലുള്ള രോ​ഗങ്ങൾ പിടിപെടാം. അതിലൊന്നാണ് എലിപ്പനി. എലിപ്പനി (Rat Fever) പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യതയുണ്ട്.

എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നച് എലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എലികൾ വൃത്തിഹീനമായ സാഹചര്യത്തിൽ പെരുകുകയും ഇവയുടെ മൂത്രവും ഉണ്ടാവുകയും ചെയ്യും.

റോഡരികിലും കാനയിലും മാത്രമല്ല, വീടിന്റെ അടുക്കളവട്ടത്തുമെല്ലാം തന്നെ എലികൾ സ്ഥിരം താമസക്കാരാണ്. ഇത്തരത്തിൽ പെരുകുന്ന എലികളുടെ മൂത്രം വെള്ളത്തിലും ചേരുന്നുണ്ട്. എന്നാൽ പലരും ഇതൊന്നും ശ്രദ്ധിക്കാതെ വെള്ളത്തിൽ ഇറങ്ങുന്നത് എലിപ്പനി പിടികൂടുന്നതിന് കാരണമാണ്.

എലികൾ വരാറുള്ള ജലാശയങ്ങൾ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ, കുളിക്കുകയോ ചെയ്യുന്നതിലുടെയാണ് രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നത്.

ലെപ്‌ടോസ്‌പൈറ (Leptospira) ജീനസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ (Spirocheta) മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് ഈ രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു.

അണുക്കൾ ശരീരത്തിലേയ്ക്ക് പ്രവേശിച്ച് മൂന്ന് മുതൽ പത്ത് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങാം. ആദ്യത്തെ ലക്ഷണമായി മിക്കതും കാണുന്നത് പനിയായിരിക്കും. നല്ല ശക്തമായ പനി അനുഭവപ്പെടും. അതുപോലെ ദേഹത്താകമാനം ചൊറിച്ചിലും ചുവന്ന് തുടുത്ത് പാടുകളും കാണപ്പെടുവാനും തുടങ്ങും. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്.

എങ്ങനെ പ്രതിരോധിക്കാം?

ഒന്ന്…

വെള്ളത്തിലോ മലിനജല പരിസരങ്ങളിലോ ഇറങ്ങുന്നവർ കെെയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക്ക് എന്നിവ ഉപയോ​ഗിക്കുക. കെട്ടികിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.

രണ്ട്…

ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്സിസൈക്ലിൻ ഗുളിക 200 mg ആഴ്ചയിലൊരിക്കൽ കഴിക്കുക.

മൂന്ന്…

മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരേണ്ടതാണ്.
എലിപ്പനി പ്രാരം​ഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. സ്വയം ചികിത്സ ഒഴിവാക്കുക.