കൊവിഡ് വാക്സിന് സൂക്ഷിക്കാനും വിതരണത്തിനെത്തിക്കാനുമുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കി. കൊവിഷീല്‍ഡിനും കൊവാക്സിനും അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും പരീക്ഷണ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കൊവിഷീല്‍ഡ് തന്നെ കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.
കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ- അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യം വാക്സിന് നല്‍കുക. ഇതിനായി നാലര ലക്ഷത്തോളം വയല്‍ വാക്സിന് വേണമെന്നാണ് കേരളം കണക്ക് കൂട്ടുന്നത്. ഇവര്‍ക്കൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്സിന് ആണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്സിന് അനിവാര്യമാണെന്നും വിതരണം തുടങ്ങിയാല്‍ ആദ്യ പട്ടികയില്‍ കേരളത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ വാക്സിന് വിതരണമെങ്ങനെ എന്നതില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല.