നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കരുതെന്നും ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റി പ്രതിനിധികളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എല്‍ജെഡി മത്സരിച്ച കൂത്തുപറമ്പും കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ തളിപ്പറമ്പുമാണ് ആവശ്യപ്പെടുന്നത്.നേരത്തെ ലീഗിന്റെ കൈവശമുണ്ടായിരുന്ന പെരിങ്ങളം മണ്ഡലമാണ് പിന്നീട് കൂത്തുപറമ്പ് മണ്ഡലം ആയി മാറിയതെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി. ജില്ലയിലെത്തിയ ലീഗ് സംസ്ഥാന കമ്മിറ്റി പ്രതിനിധികള്‍ക്ക് മുന്നിലാണ് ജില്ലാ നേതൃത്വം ആവശ്യം ഉന്നയിച്ചത്.
പ്ലസ് ടു കോഴ കേസില്‍ വിജിലന്‍സ് പ്രതിയാക്കിയ കെ എം ഷാജി ഇത്തവണ മത്സരിച്ചേക്കില്ല. അങ്ങനെയെങ്കില്‍ ജില്ലക്കുള്ളില്‍ നിന്നുള്ള നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ മറ്റൊരാവശ്യം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ പി എം എ സലാം, പി പി ചെറിയ മുഹമ്മദ് എന്നിവരാണ് ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ജില്ലാ, മണ്ഡലം ഭാരവാഹികള്‍ക്ക് പുറമെ പോഷക സംഘടനകളുടെ നേതാക്കളുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.