സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം. പുതുച്ചേരിക്കെതിരെയാണ് കേരളം ആദ്യ മത്സരത്തിനിറങ്ങുക. രാത്രി 7 മണിക്ക് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ബിസിസിഐ വിലക്കിനെത്തുടർന്ന് ഏഴ് വർഷമായി കളിക്കളത്തിനു പുറത്തിരിക്കുന്ന മുൻ ഇന്ത്യൻ താരം ശ്രീശാന്തിൻ്റെ തിരിച്ചുവരവ് കൂടിയാവും മത്സരം.
മരണ ഗ്രൂപ്പായ ഗ്രൂപ്പ് ഇയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഡൽഹി, മുംബൈ, ആന്ധ്ര പ്രദേശ്, പുതുച്ചേരി എന്നീ ടീമുകളാണ് കേരളത്തിൻ്റെ എതിരാളികൾ. ഇന്ത്യൻ താരം സഞ്ജു സാംസൺ ആണ് കേരളത്തെ നയിക്കുക. സച്ചിൻ ബേബി, എസ് ശ്രീശാന്ത്, ബേസിൽ തമ്പി, കെ എം ആസിഫ്, റോബിൻ ഉത്തപ്പ, ജലജ് സക്സേന, വിഷ്ണു വിനോദ്, അഭിഷേക് മോഹൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിനൂപ് മനോഹരൻ, രോഹൻ കുന്നുമ്മൽ, എസ് മിഥുൻ, എംഡി നിഥീഷ്, സൽമാൻ നിസാർ, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ എന്നിവരാണ് സ്ക്വാഡിലെ മറ്റ് താരങ്ങൾ.