വയനാട് കൊളവള്ളിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയിൽ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് വനപാലകർ കടുവയെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കർണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ കൃഷിയിടത്ത് കണ്ട കാൽപ്പാടുകൾ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോൺ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകർ നടത്തുകയും ചെയ്ത തിരച്ചിലിലാണ് കടുവയെ കണ്ടെത്താനായത്.
രണ്ട് ദിവസം മുൻപാണ് കൊളവള്ളിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചത്. ചെതലയം ഫോറസ്റ്റ് റേഞ്ചർ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റേഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ ആശങ്കയിലായിരുന്നു.