പാലാ സീറ്റില്‍ നിലപാട് മയപ്പെടുത്തി മാണി സി. കാപ്പന്. ദേശീയ അധ്യക്ഷന്‍ പാലാ സീറ്റ് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്ന് മാണി സി. കാപ്പന് പറഞ്ഞു. ശരദ് പവാര്‍ എന്തുപറഞ്ഞാലും അനുസരിക്കുമെന്നും മാണി സി. കാപ്പന് കോട്ടയത്ത് പറഞ്ഞു. ഇന്നലെ എന്‍സിപി ദേശീയ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മാണി സി. കാപ്പന്റെ പ്രതികരണം.
എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം ഇന്നലെ രംഗത്ത് എത്തിയിരുന്നു. പാലാ ഉള്‍പ്പെടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുല്‍ പട്ടേലിന്റെ പ്രതികരണം. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശരദ് പവാറിനെ സന്ദര്‍ശിച്ച് എന്‍സിപി ഇടത് മുന്നണിയില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.