ഐഎസ്എലിൽ ഒഡീഷ എഫ്സി-കേരള ബ്ലാസ്റ്റേഴ്സ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം സ്കോർ ചെയ്തു. ഒഡീഷയ്ക്കായി ഡീഗോ മൗറീഷിയോ ഇരട്ട ഗോൾ നേടി. ജോർഡൻ മറെ, ഗാരി ഹൂപ്പർ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൻ്റെ ഗോൾ സ്കോറർമാർ. ബ്ലാസ്റ്റേഴ്സിൻ്റെ ജയമില്ലാത്ത തുടർച്ചയായ അഞ്ചാം കളിയാണ് ഇത്.
മത്സരത്തിൻ്റെ സമസ്ത മേഖലകളിലും മുന്നിൽ നിന്നിട്ടും ബ്ലാസ്റ്റേഴ്സിൻ്റെ വിധി. 53 ശതമാനം പൊസഷൻ, 9 ഷോട്ട് ഓൺ ടാർഗറ്റ്, 15 ഷോട്ട് ഓഫ് ടാർഗറ്റ്, 71 ശതമാനം പാസ് കൃത്യത എന്നിങ്ങനെയാണ് കണക്കിലെ കളി. തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഒഡീഷയാണ് ആദ്യം സ്കോർ ചെയ്തത്. ആദ്യ പകുതിയുടെ അവസാന മിനിട്ടിൽ ജെറി നൽകിയ പന്ത് സ്വീകരിച്ച ഡീഗോ മൗറീഷിയോ ആൽബീനോ ഗോമസിനെ കീഴടക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് ഒഡീഷ മുന്നിലായിരുന്നു.