സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് കാര്യമാക്കാതെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടു തുടരുകയാണ്. മന്ത്രിതല ചര്‍ച്ച നടന്നെങ്കിലും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് അറിയിക്കാമെന്നായിരുന്നു തീരുമാനം.ഇതിനായുള്ള കാത്തിരിപ്പിനിടയിലും ഓര്‍മപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് മഹാ സംഗമം സംഘടിപ്പിക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയറ്റിന് മുന്നില്‍ അണിനിരത്തും. ഉദ്യോഗാര്‍ത്ഥികളുടെ ബന്ധുക്കളും സമരത്തില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രതിസന്ധിയെങ്കിലും മരണം വരെ സമരം തുടരുമെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ചില യുവജന സംഘടനകള്‍ തങ്ങളുടെ സമരത്തെ ബോധപൂര്‍വം അവഗണിച്ചുവെന്നും പരാതിയുണ്ട്. സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ ഉറപ്പുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഞായറാഴ്ച സമരം അവസാനിപ്പിച്ചിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളും സെക്രട്ടറിയേറ്റിന് മുന്നില്‍ തുടരുകയാണ്.