സീറ്റ് വിഭജനത്തിന് പിന്നാലെ കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത ഉയരുന്നു. കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് അമിത പരിഗണന നല്കുന്നതില് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്കി.
ജോസ് കെ മാണി വിഭാഗം മുന്നണി വിട്ട സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാമെന്ന് കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടിയിരുന്നു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞതാണ്. ഈ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ ഏല്‍പ്പിച്ചാണ് യുഡിഎഫ്, പി ജെ ജോസഫ് പക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനൊരുങ്ങുന്നത്.
പിന്നാലെ ഇന്നലെ ഡിസിസി ഓഫീസില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ജോസഫ് ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ചു. പി ജെ ജോസഫ് നടത്തുന്നത് വിലപേശല്‍ ആണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പൊതു വികാരമാണ് യൂത്ത് കോണ്‍ഗ്രസിലൂടെ പുറത്തു വന്നത്.
ജോസഫ് ഗ്രൂപ്പിന് നല്കുന്ന സീറ്റുകളില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്ക്രിയര്‍ ആയേക്കുമെന്ന സൂചനയാണിത്. സീറ്റുകള്‍ ഏകപക്ഷീയമായി പിടിച്ചെടുത്ത് കോണ്‍ഗ്രസ് മത്സരിച്ചാല്‍ കേരള കോണ്‍ഗ്രസില്‍ നിന്നും ഇതേ പ്രതികരണം തിരിച്ചുണ്ടാകും.
പരമാവധി സീറ്റുകള്‍ പിടിച്ചെടുത്ത് അധികാരത്തില്‍ തിരികെയെത്താന്‍ ശ്രമം നടത്തുമ്പോഴാണ് യുഡിഎഫിലെ പുതിയ പ്രതിസന്ധി. ഉമ്മന്‍ ചാണ്ടി നേതൃനിരയില്‍ എത്തിയതോടെ ഉണര്‍വിലായ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവേശമാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ കെട്ടടങ്ങുന്നത്.