ബാഴ്സലോണയുടെ വണ്ടര്‍ കിഡ് എന്നറിയപ്പെട്ടിരുന്ന സ്പാനിഷ് താരം ബോജന് കിര്ക്കിക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക്. കേരള ബ്ലാസ്റ്റേഴ്സുമായ് താരം കരാര്‍ ഉണ്ടാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബോജന് കിര്ക്കികുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ചര്‍ച്ച തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്സിയും ആണ് ബോജന് വേണ്ടി താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇരു ക്ലബ്ബുകളും അദ്ദേഹത്തിന്റെ ഏജന്റുമായി ചർച്ച നടത്തിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ചാംപ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഗോൾനേടിയ ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇന്നും ബോജൻ കിർകിക്കിന്റെ പേരിലാണ്. ബാർസിലോനയ്ക്കായി 17ാം വയസ്സിലാണ് ബോജൻ ഗോള്‍ നേടിയത്.
17 വയസ്സും 19 ദിവസവും ഉള്ളപ്പോള്‍ ആദ്യ മത്സരം കളിച്ച ബോജൻ കിർകിക്ക് ചാമ്പ്യന്‍സ് ലീഗിലെ പ്രായം കുറഞ്ഞ താരം എന്ന ലയണൽ മെസ്സിയുടെ റെക്കോർഡ് തകർത്തുകൊണ്ടാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ സീസണിൽ 48 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ ബാഴ്സക്കായി ബോജന് നേടി. മൊത്തം നാല് സീസണുകളില്‍ ബാഴ്സക്കായി ബൂട്ടണിഞ്ഞ അദ്ദേഹം 162 കളികളിൽ നിന്ന് 41 ഗോളുകൾ നേടി.
2011 ജൂലൈയിൽ ഇറ്റാലിയൻ ടീമായ റോമയിലേക്കാണ് പിന്നീട് ബോജന് കിര്‍ക്കി ട്രാന്‍സ്ഫര്‍ ആയത്. 2011-12 സീസണുകളിലായി 33 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ റോമക്കായി ബോജന് നേടി, തുടർന്ന് 2012–13 ൽ സീസണില്‍ എസി മിലാന് വേണ്ടി കളിച്ച ബോജന് 27 കളികളിൽ നിന്ന് മൂന്ന് ഗോളുകളും നേടി.