ഇടുക്കിയില്‍ ഭൂവിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി യുഡിഎഫ്. പട്ടയഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ തദ്ദേശഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കും. സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടാണ് പുതിയ ഉത്തരവിലൂടെ വ്യക്തമായതെന്ന് യുഡിഫ് ആരോപിച്ചു.
ഇടുക്കിയില്‍ പ്രധാന ടൗണുകളും സ്ഥാപനങ്ങളും എല്ലാം സ്ഥിതി ചെയ്യുന്നത് 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിച്ച ഭൂമിയിലാണ്. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ പട്ടയഭൂമിയില്‍ വാണിജ്യാവശ്യത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. നിലവില്‍ വീട് ഒഴികെയുള്ള 1500 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ട സ്ഥിതി ഉണ്ടാകും. 1964, 1993 ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞെങ്കിലും ഇത് പാലിക്കപ്പെട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേട് എന്നാണ് പ്രതിപക്ഷ ആരോപണം.
ഇടുക്കി ജില്ലയിലെ എട്ട് വില്ലേജുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി ഹൈക്കോടതി നിര്‍ബന്ധമാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തു ചിലര്‍ മേല്‍കോടതിയെ സമീപിപ്പിച്ചപ്പോള്‍ ഉത്തരവ് സംസ്ഥാന വ്യാപമാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുപ്രിംകോടതിയും ഹൈക്കോടതി തീരുമാനം ശരിവെച്ചു. ഈ ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലയോര ജനതയെയാണ്. അതുകൊണ്ട് വിഷയം രാഷ്ട്രീയമായി ഉയര്‍ത്തികൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.