തൃശൂർ: കേരളം ഭരിക്കാൻ 35 സീറ്റു മതിയെന്ന് ആവർത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയിൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാൻ ആകുമെങ്കിൽ ഇവിടെയും അതിനാകുമെന്ന് അദ്ദേഹം പറഞ്ഞു. തൃശൂരിൽ മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സർക്കാറുണ്ടാക്കാൻ ആവശ്യമായ സീറ്റ് ഞങ്ങൾക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങൾ ഗവൺമെന്റുണ്ടാക്കും. അതിൽ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയിൽ ഞങ്ങൾക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങൾക്ക് ഗവൺമെന്റുണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങൾക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കിൽ ഗവൺമെന്റുണ്ടാക്കും’ -സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക രണ്ടു ദിവസത്തിനകം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ പട്ടിക വൈകിയിട്ടില്ല. നാമനിർദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്പോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാർത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സർപ്രൈസ് സ്ഥാനാർത്ഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂ’ – സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതാക്കൾ കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നാളെയാണ് തെരഞ്ഞെടുപ്പ് സമിതി യോഗം. സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുമെന്നാണ് സൂചന. വട്ടിയൂർക്കാവിൽ വിവി രാജേഷിനെയും നേമത്ത് കുമ്മനം രാജശേഖരനെയും പരിഗണിക്കുന്നു. തൃശൂരിൽ സുരേഷ് ഗോപിയുടെയും കാട്ടാക്കടയിൽ പികെ കൃഷ്ണദാസിന്റെയും പേരുകളാണ് പട്ടികയിലുള്ളത്.