ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പന് കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിനു വേണ്ടിയുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ടു സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ മോക്ക് ഡ്രില്‍ ഒഴിവാക്കാനാണ് നിലവിലെ തീരുമാനം
സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര് എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികള്‍ ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്കി. ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തി.
ഓരോ സംഘത്തിന്റെ തലവന്മാര് നില്‍ക്കേണ്ട സ്ഥലവും നിശ്ചയിച്ചിട്ടുണ്ട്. അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടികൂടിയാല്‍ കൊണ്ടുപോകാനുള്ള ബലപ്പെടുത്തിയ വാഹനവും തയ്യാറാണ്. 29ന് കോടതിവിധി അനുകൂലമായാല്‍ മുപ്പതിന് രാവിലെ നാലുമണിക്ക് ദൗത്യം തുടങ്ങും. അരികൊമ്പന് നിലവില്‍ ദൗത്യ മേഖലയായ സിമന്റ് പാലത്തിന് സമീപമാണ് ഉള്ളത്.
പെരിയ കനാല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് അരിക്കൊമ്പന് തിരികെ പോകാതിരിക്കാനുള്ള നടപടി വനം വകുപ്പ് തുടങ്ങി. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള രേഖകളും വനം വകുപ്പ് സമര്‍പ്പിച്ചിട്ടുണ്ട്.