തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിന് ഗുജറാത്തിലെ ഒരു കോടതി കേജ്രിവാളിന് 25,000 രൂപ പിഴയീടാക്കിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് കേജ്രിവാൾ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിഷയത്തിൽ പ്രതികരിച്ചത്.
“രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസം എന്തെന്നറിയാൻ അവകാശമില്ലേ? തൻ്റെ ബിരുദ സർട്ടിഫിക്കറ്റ് കോടതിയിൽ കാണിക്കുന്നതിനെ അദ്ദേഹം ശക്തിയുക്തം എതിർത്തു. എന്തുകൊണ്ട്? ബിരുദം അറിയാൻ ആവശ്യപ്പെടുന്നവർക്ക് പിഴയീടാക്കുമോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന് അപകടമാണ്.”- കേജ്രിവാൾ ട്വീറ്റ് ചെയ്തു
മുഖ്യ വിവരാവകാശ കമ്മീഷൻ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബിരേൻ ബൈഷ്ണവിൻ്റേതാണ് വിധി.
പിഎംഒയിലെയും, ഗുജറാത്ത് സർവകലാശാലയിലെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോട് ബിരുദ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.