എ. വി ഗോപിനാഥിനെതിരെ രൂക്ഷ വിമർശനവുമായി പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി. കെ ശ്രീകണ്ഠൻ എം.പി. ഏതെങ്കിലും ഒരാൾ വിളിച്ചു കൂവിയാൽ ഇവിടെ പ്രശ്നമാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ചില ആളുകൾ പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന് ചേരുന്ന നടപടിയല്ല. കോൺഗ്രസിന് പുറത്തുള്ളവരാണ് പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നത്. അവരുടെ കൈയിലെ ചട്ടുകമായി ചിലർ മാറി. ഇവരുടെയൊക്കെ പൂർവകാല ചരിത്രം നോക്കിയാൽ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കാണാം. ഓരോ ആളുകൾ വരുമ്പോഴും അവരെ തകർക്കാനാണ് ശ്രമമെന്നും വി. കെ ശ്രീകണ്ഠൻ വ്യക്തമാക്കി.
പുനഃസംഘടന തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്. നേതാക്കൾ എ. വി ഗോപിനാഥിനെ കണ്ടത് ഒത്തുതീർപ്പിനല്ലെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.