ക്രൈം നന്ദകുമാറിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടിസ് അയച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാചപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടിസ്. സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ.ടി.കെ സുരേഷ് മുഖേന മാനനഷ്ടത്തിന് നോട്ടിസ് നല്‍കിയത്.

നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ സ്പീക്കര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും, വിഡിയോയും സമൂഹമാധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ച്, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍, സിവിലായും, ക്രിമിനലായും നടപടി സ്വീകരിയ്ക്കും എന്നാണ് നോട്ടിസില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെ സ്പീക്കര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു വ്യാജ പ്രചാരണം. അമിതമായി ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു സ്പീക്കറിന്റെ ആത്മഹ്യാ ശ്രമമെന്നും വ്യാജ വാര്‍ത്തയില്‍ പറഞ്ഞു.

എന്നാല്‍ വാര്‍ത്ത തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തു. താന്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നത്ര ഭീരുവല്ലെന്ന് സ്പീക്കര്‍ ഫേസ്ബുക്ക് വിഡിയോയിലൂടെ മറുപടിയും നല്‍കിയിരുന്നു.