പുത്തന്‍ പ്രതീക്ഷകളോടെ വീണ്ടുമൊരു വിഷുപ്പുലരിയെ സ്വാഗതം ചെയ്ത് മലയാളികള്‍. കൊവിഡ് 19 എന്ന മഹാമാരി കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലും കണിവെള്ളരിയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവുമൊക്കെ ചേര്‍ത്ത് വെച്ച് മലയാളികള്‍ കണിയൊരുക്കി. നരകാസുരനെ ശ്രീകൃഷ്ണന് വധിച്ച ദിനത്തിന്റെ ആഘോഷം എന്നതാണ് വിഷുവിന്റെ ഐതിഹ്യം.
മേടം ഒന്ന് പുതുവര്‍ഷപ്പിറവി കൂടിയാണ് മലയാളികള്‍ക്ക്. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തത്തിലേക്ക് മിഴിതുറന്നിരിക്കുകയാണ് ഓരോ മലയാളികളും. വിളവെടുപ്പിന്റെ ഉത്സവകാലംകൂടിയായ വിഷു കാര്‍ഷിക സംസ്കാരത്തിന്റെ പ്രതീകംകൂടിയാണ് മലയാളികള്‍ക്ക്.
കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് വിഷു ആഘോഷം. ക്ഷേത്രങ്ങളില്‍ പ്രത്യേക നിയന്ത്രണങ്ങളോടെയായാണ് ദര്‍ശനം അനുവദിച്ചത്. ആഘോഷപരിപാടികളെല്ലാം വീടുകളിലേക്ക് ചുരുങ്ങി. നല്ലൊരു നാളേയ്ക്കുള്ള പ്രതീക്ഷ പകരുന്നതാകട്ടെ ഈ വിഷുദിനവും.