കരിപ്പൂര്‍ റെയ്ഡിനെ തുടര്‍ന്ന് ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പുതല നടപടിക്ക് ഒരുങ്ങി കസ്റ്റംസ്. 13 ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസ് എടുത്ത പശ്ചാത്തലത്തിലാണ് നടപടി. നാല് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടി നേരിടേണ്ടി വരും.
ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടിക്ക് സിബിഐ ശുപാര്‍ശ ചെയ്തിരുന്നു. കള്ളക്കടത്തുകാരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പണം, പാരിതോഷികം എന്നിവ കൈപ്പറ്റിയിരുന്നുവെന്നും വിവരം.
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് സിബിഐ അനുമതി തേടിയിരുന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലുമുണ്ടായേക്കാം.
തുടര്‍ന്നും റെയ്ഡുകള്‍ പ്രതീക്ഷിക്കാമെന്നും കൊവിഡ് സാഹചര്യത്തില്‍ വളരെയധികം കള്ളക്കടത്ത് നടന്നത് കരിപ്പൂരാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളം കരിപ്പൂരാണെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.