വിവാദത്തിലായ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറില്ലെന്ന സൂചനയുമായി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ. സൂപ്പർ ലീഗിൽ ചേരാതിരിക്കുന്നത് ചരിത്രപരമായ പിഴവ് ആണെന്ന് ബാഴ്സലോണ പറഞ്ഞു. എങ്കിലും അവസാന തീരുമാനം എടുക്കുന്നതിന് ഇനിയും ചർച്ചകൾ ആവശ്യമാണ്. ലീഗ് പുനർനിർവചിക്കാൻ ആഴത്തിലുള്ള അപഗ്രഥനങ്ങൾ വേണ്ടിവരുമെന്നും വാർത്താ കുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചു.
യൂറോപ്യൻ സൂപ്പർ ലീഗിൻ്റെ സ്ഥാപക ക്ലബുകളിൽ ഒന്നാണ് എഫ്സി ബാഴ്സലോണ. രൂപീകരിക്കപ്പെട്ടപ്പോൾ തന്നെ ഫുട്ബോൾ ലോകം ഒന്നടങ്കം ലീഗിനെ എതിർത്തു. ഇതേ തുടർന്ന് 6 പ്രീമിയർ ലീഗ് ക്ലബുകൾ പിന്മാറി. പിന്നീട് ഇൻ്റർ മിലാനും എസി മിലാനും അത്ലറ്റിക്കോ മാഡ്രിഡും അടക്കമുള്ള ക്ലബുകളും പിന്മാറി. ഇതിനു പിന്നാലെയാണ് ബാഴ്സലോണയുടെ നിലപാട്.
മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സനൽ, ലിവർപൂൾ, ടോട്ടനം, ചെൽസി എന്നീ ക്ലബുകളാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് യൂറോപ്യൻ സൂപ്പർ ലീഗിനു പിന്തുണ നൽകിയത്.
ഈ ക്ലബുകളെല്ലാം ലീഗിൽ നിന്ന് പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡും പിന്തുണ പിൻവലിച്ചു. ലിവർപൂൾ, ആഴ്സണൽ, ടോട്ടനം, ചെൽസി എന്നിവർ യഥാക്രമം പിന്മാറി. പിന്നാലെ സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ് ഇൻ്റർ മിലാൻ എന്നീ ക്ലബുകളും പിന്തുണ പിൻവലിച്ചു. ഇതിനു പിന്നാലെ ഇറ്റാലിയൻ ക്ലബ് എസി മിലാനും പിന്മാറിയെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും ആ വാർത്തയ്ക്ക് സ്ഥിരീകരണമില്ല.