കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും: ബംഗാളില്‍ പ്രഖ്യാപനവുമായി അമിത് ഷാ

അവസാന രണ്ട് ഘട്ടങ്ങള്‍ മാത്രം അവശേഷിക്കെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊവിഡ് വാക്‌സിന്‍ വിഷയമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. സംസ്ഥാനത്ത് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കും എന്ന അവകാശവാദമാണ് ബിജെപി പ്രചാരണ രംഗത്ത് ഇപ്പോള്‍ ഉന്നയിക്കുന്നത്. വാക്‌സിന്റെ വിലവിത്യാസം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് തൃണമുള്‍ കോണ്‍ഗ്രസിന്റെ വിമര്‍ശനം.

അവസാന 2 ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വാക്‌സിന്‍ ആദ്യമായി പ്രചാരണ വിഷയമാക്കിയത് ആഭ്യന്തര മന്ത്രി അമിത്ഷായാണ്. സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് വ്യക്തമാക്കിയ അമിത് ഷാ ഇതിനെ നേരിടാന്‍ വാക്‌സിന്‍ പരമാവധി പേര്‍ക്ക് നല്‍കുക മാത്രമാണ് മാര്‍ഗമെന്ന് വ്യക്തമാക്കി. നിലവിലുള്ള സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും എന്നും അദ്ദേഹം അവകാശപ്പെട്ടു.

അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്താകെ ബിജെപി ഇക്കാര്യം ഉന്നയിച്ചാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. കൊറോണ വൈറസിനെയും മമതാ ബാനര്‍ജിയെയും പശ്ചിമ ബംഗാളില്‍ നിന്നും ഓടിക്കാന്‍ ബിജെപിക്ക് വോട്ട് ചെയാനാണ് അഭ്യര്‍ത്ഥന.

തൃണമുല്‍ കോണ്‍ഗ്രസ് വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ളതാണെന്ന മറുവാദമാണ് പ്രചാരണ രംഗത്ത് സ്വീകരിച്ചിരിക്കുന്നത്. ഒരു വാക്‌സിന് വ്യത്യസ്ത വില ഈടാക്കാന്‍ അനുവദിച്ച കേന്ദ്രനയത്തെ പാര്‍ട്ടി ചോദ്യം ചെയ്തു. സൗജന്യമായി നല്‍കിയില്ലെങ്കിലും താങ്ങാന്‍ പറ്റുന്ന വിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ ഉള്ള അവസരം ഇല്ലാതാക്കിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നാണ് പ്രചാരണം.