കൊവിഡ് വ്യാപനം; മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തില്‍

കൊവിഡ് വ്യാപനത്തിനിടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെ ചൊല്ലി വിവാദം. വെര്‍ച്വല്‍ സത്യപ്രതിജ്ഞയെന്ന ഐഎംഎ നിര്‍ദേശം തള്ളിയ മുഖ്യമന്ത്രി പരമാവധി ആളു കുറച്ചാകും ചടങ്ങ് എന്നു വ്യക്തമാക്കി.

സംസ്ഥാന തലസ്ഥാനം ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ് ഇന്ന് മുതല്‍. വഴികളൊക്കെ അടക്കുന്നു. പാലും പത്രവും രാവിലെ ആറിനു മുമ്പേ വീട്ടിലെത്തണം. മരണത്തിനും വിവാഹത്തിനും ഇരുപത് പേരിലധികം പാടില്ല. ജനം നിയന്ത്രണങ്ങള്‍ക്കുള്ളിലാണ്.

പക്ഷേ തലസ്ഥാനത്ത് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ആളെണ്ണം കൂടും. 750 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉയരുന്നത്. വെര്‍ച്വലായി സത്യ പ്രതിജ്ഞ ചെയ്യണമെന്ന ഐഎംഎ നിര്‍ദേശമാണ് മുഖ്യമന്ത്രി തള്ളിയത്. ആവശ്യം ട്വന്റി ഫോറിന്റെ എന്‍കൗണ്ടറില്‍ ഐഎംഎ ആവര്‍ത്തിച്ചിരുന്നു.

സത്യപ്രതിജ്ഞ ഗവര്‍ണര്‍ക്കു മുന്നില്‍ ചെയ്യണമെന്നാണ് ചട്ടം. മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമായി രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്തു കൂടേ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

കൊവിഡ്, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍, മഴക്കെടുതി എന്നിവയുടെ കാലത്ത് മുഖ്യമന്ത്രിക്ക് ഇക്കാര്യം മനസിലാകുമെന്ന പ്രതീക്ഷയാണ് രാജ്യസഭാംഗവും സിപിഐ നേതാവുമായ ബിനോയ് വിശ്വം ഫേസ് ബുക്കില്‍ പങ്കുവെച്ചത്. എതിര്‍പ്പുയരുന്നെങ്കിലും അത് കണക്കിലെടുക്കാതെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വേദി നിര്‍മാണവുമായി മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍.