‘സ്വർണം നേടിയ പാക് താരവും ഞങ്ങളുടെ മകനെപ്പോലെ’; വീണ്ടും ഹൃദയങ്ങൾ കീഴടക്കി നീരജിന്റെ അമ്മ

ന്യൂഡൽഹി: ഒളിമ്പിക്സിൽ സ്വർണമെഡൽ നിലനിർത്താനായില്ലെങ്കിലും നീരജ് ചോപ്രയിലൂടെ പാരിസിൽ ഇന്ത്യ ആദ്യ വെള്ളി മെഡൽ നേടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ. പാകിസ്താൻകാരനായ അർഷാദ് നദീമിന് പിന്നിൽ നീരജ് രണ്ടാമനായെങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണെന്ന് ഇരുവരും പറയുന്നു. സ്വർണം നേടിയ അർഷാദും മകനെപ്പോലെയാണെന്ന് കൂട്ടിച്ചേർത്ത് ഒരിക്കൽ കൂടി ഹൃദയങ്ങൾ കീഴടക്കുകയാണ് നീരജിന്റെ മാതാവ് സരോജ് ദേവി. 2023ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ഒന്നും നദീം രണ്ടും സ്ഥാനത്തെതിയപ്പോഴും സമാന പ്രതികരണവുമായി ഇവർ രംഗത്തെത്തിയിരുന്നു.

‘ഞങ്ങൾ വളരെ സന്തോഷത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയും സ്വർണത്തിന് തുല്യമാണ്. സ്വർണം നേടിയവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കുണ്ടായിരുന്നു, അതിനാൽ ഈ പ്രകടനത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ തിരിച്ചുവരുമ്പോൾ പ്രിയപ്പെട്ട ഭക്ഷണം ഞാൻ പാകം ചെയതുവെക്കും’ -എന്നിങ്ങനെയായിരുന്നു സരോജ് ദേവി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചത്.

2023ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 35 സെന്റി മീറ്റർ വ്യത്യാസത്തിൽ നീരജ് നദീമിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണമണിഞ്ഞപ്പോൾ സരോജയുടെ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ‘കളിക്കളത്തിൽ എല്ലാവരും താരങ്ങൾ മാത്രമാണ്. എല്ലാവരും എത്തുന്നത് മത്സരിക്കാനാണ്. ഒരാളല്ലെങ്കിൽ മറ്റൊരാൾ എന്തായാലും ജയിക്കും. അതുകൊണ്ട് പാകിസ്താനിയാണോ ഹരിയാനക്കാരനാണോ എന്നത് ചോദ്യമല്ല. പാകിസ്താനിൽനിന്ന് വിജയിച്ച താരത്തെ ഓർത്ത് ഞാൻ സന്തോഷവതിയാണ്’ -എന്നിങ്ങനെയായിരുന്നു സരോജിന്റെ വാക്കുകൾ. അന്ന് ഒന്നാമതെത്തിയ നീരജ് ത്രിവർണ പതാകയേന്തി ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ അടുത്തുണ്ടായിരുന്ന നദീമിനെയും സമീപത്തേക്ക് വിളിച്ച് ചേർത്തുപിടിച്ചിരുന്നു.