ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് 20 വയസ്. 2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ അല്‍ ഖ്വയ്ദ ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ഭീകരരടക്കം 2,996 പേരാണ് കൊല്ലപ്പെട്ടത്.
2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 8.46. ലോകപ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേയ്ക്ക് ഒരു വിമാനം ഇടിച്ചുകയറി. മിനിറ്റുകള്‍ക്കകം 110 നിലകള്‍ നിലംപൊത്തി.
17 മിനിറ്റിന് ശേഷം 9.03ന് രണ്ടാമതൊരു വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. 9.37ന് മൂന്നാമത്തെ വിമാനം വാഷിങ്ടന്‍ ഡിസിയിലെ വിര്‍ജീനിയയിലുള്ള പെന്റഗണ്‍ ആസ്ഥാന മന്ദിരത്തില്‍ ഇടിച്ചുകയറ്റിയപ്പോള്‍ നാലാമതൊരു വിമാനം 10.03ന് പെന്‍സില്‍വാനിയ സംസ്ഥാനത്തെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള ഷാങ്ക്സ്വില്ലെ എന്ന സ്ഥലത്തെ പാടത്ത് തകര്‍ന്നുവീണു. വാഷിംഗ്ടണ്‍ ഡി.സിയെ ലക്ഷ്യമിട്ട് പറന്ന വിമാനത്തിന് ലക്ഷ്യം കൈവരിക്കാനായില്ല.
റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളാണ് ആക്രമണങ്ങള്‍ക്കായി ഭീകരര്‍ ഉപയോഗിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 175-ാം നമ്പര്‍ വിമാനം, അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 77-ാം നമ്പര്‍ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 93-ാം നമ്പര്‍ വിമാനം എന്നിവയാണ് റാഞ്ചിയത്.
സപ്തംബര്‍ 11ലെ ആക്രമണങ്ങള്‍ക്ക് ശേഷം അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ പിടിക്കാനായി യു.എസ് സൈന്യം അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തി. അല്‍ ഖ്വയ്ദയ്ക്കും ലാദനും സംരക്ഷണം നല്‍കിയിരുന്ന താലിബാന് ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കി. ജനാധിപത്യ ഭരണം സ്ഥാപിച്ചു. ഇതിനിടെ അല്‍ ഖ്വയ്ദ നേതാക്കള്‍ പാകിസ്താനിലേക്ക് കടന്നിരുന്നു.
2011 മെയ് രണ്ടിന് ലാദനെ പാകിസ്ഥാനിലെ അബട്ടാബാദിലെ ഒളിസങ്കേതത്തില്‍ വെച്ച് യു.എസ് കമാന്‍ഡോകള്‍ വധിച്ചു. അപ്പോഴും അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഭീഷണിയൊഴിഞ്ഞിരുന്നില്ല. ജനാധിപത്യ ഭരണത്തിന് സ്ഥിരത നല്കാന് യു.എസ്, നാറ്റോ സേനകള്‍ അഫ്ഗാനില്‍ തുടര്‍ന്നു.
എന്നാല്‍ യുദ്ധം അവസാനിക്കുകയോ അഫ്ഗാനിസ്ഥാനില്‍ സ്ഥിരതയുള്ള ഭരണമോ ഉണ്ടായില്ല. ഒടുവില്‍ താലിബാന് തന്നെ ഭരണം തളികയില്‍ വെച്ചുനല്‍കി ഇതാ ഇപ്പോള്‍ യു.എസ് സൈന്യം അഫ്ഗാന് വിട്ടിരിക്കുന്നു.