‘ആത്മാഭിമാനത്തിന് മുറിവേറ്റു, പാലക്കാട് പ്രചാരണത്തിന് പോകില്ല’; അതൃപ്‌തി പരസ്യമാക്കി സന്ദീപ് വാര്യര്‍

ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യര്‍. പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ മനസ് അനുവദിക്കുന്നില്ല. ആത്മാഭിമാനത്തിന് മുറിവേറ്റു. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങളുണ്ട്. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ വന്നില്ല. യുവമോർച്ച കാലം മുതൽ ഒന്നിച്ചു പ്രവർത്തിച്ചു എന്ന് കൃഷ്ണകുമാർ ചാനലുകളിൽ പറയുന്നു. അമ്മ മരിച്ചപ്പോൾ കൃഷ്ണകുമാർ ഒന്ന് ഫോണിൽ പോലും വിളിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപിക്കെതിരെ സന്ദീപ് വാര്യര്‍ അതൃപ്തി പരസ്യമാക്കിയത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മർദ്ധത്തിലാണ് . മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധർമ്മം. നിർവ്വഹിക്കട്ടെ. ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്നേഹിക്കുന്നവരുടെ വികാരങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളുന്നുണ്ട്. അവരുടെ സ്നേഹത്തിനു മുന്നിൽ ഞാൻ നമസ്കരിക്കുകയാണ്. പുറത്തു വന്ന വാർത്തകൾ പലതും വാസ്തവ വിരുദ്ധവും അർദ്ധസത്യങ്ങളുമാണ് . കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യർ പിണങ്ങിപ്പോയി എന്നാണ് വാർത്ത. അങ്ങനെ വേദിയിൽ ഒരു സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവൻ പേർക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവർത്തകൻ മാത്രമാണ് ഞാൻ. പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളിൽ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂർ സ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാൻ കഴിയില്ല.