അങ്കമാലി കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരവും ഓഫിസിലെ അലമാരകളും കുത്തി തുറന്നു. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.
പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്. അലമാരയിലെ വസ്തുക്കൾ വലിച്ച് വാരി ഇട്ടിരുന്ന നിലയിലായിരുന്നു. ക്യാഷ് കൗണ്ടറിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കാൾ അകത്തു കടന്നത്. സമീപത്തെ പാടത്താണ് ഒരു ഭണ്ഡാരം കിടന്നിരുന്നത്.
ഒരു പവൻ വരുന്ന ലോക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടത് തിട്ടപ്പെടുത്തിയിട്ടില്ല. പ്രധാന ഗെയ്റ്റ് തുറക്കാതെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കടന്നതെന്നാണ് നിഗമനം. ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരം കുത്തിതുറന്ന നിലയിലാണ്. സർപ്പകാവിന് മുന്നിലെ ഭണ്ഡാരവും ശ്രീകോവിലിനകത്തെ ഭണ്ഡാരവും തകർത്തിരുന്നു. ക്ഷേത്രത്തിന്റെ ഓഫിസിലെ മൂന്ന് അലമാരയും കുത്തി തുറന്നിട്ടുണ്ട്.
സ്ഥലത്തെത്തി പരിശോധന നടത്തിയ കാലടി പൊലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്താവള റോഡിന് സമീപത്താണ് ക്ഷേത്രം സ്ഥിതി ചെയ്യന്നത്