‘ബഹുസ്വരതക്കും മതേതരത്വത്തിനും പേരുകേട്ട ഇന്ത്യൻ ജനാധിപത്യത്തിന് യോജിച്ചതല്ല പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതി’
.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതിനിടെ ചർച്ചയായി പഴയ വിദേശ നിലപാടുകൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ എവ്വിധമായിരിക്കും ഇന്ത്യയോടുള്ള സമീപനം എന്ന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് കശ്മീർ, പൗരത്വ നിയമ ഭേദഗതികളെ കുറിച്ചുള്ള ബെെഡന്റെ പോളിസി പേപ്പറിലെ ഭാഗങ്ങള്‍ സോഷ്യൽ മീഡിയ കുത്തിപൊക്കിയത്.
കശ്മീരിൽ മനുഷ്യാവകാശങ്ങൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് ജോ ബെെഡൻറെ നയരേഖയില്‍ പറയുന്നത്. കശ്മീരി ജനതയുടെ അവകാശങ്ങളുടെ കാര്യത്തിൽ ഇന്ത്യ ശ്രദ്ധ പുലർത്തണമെന്ന് നയരേഖ പറയുന്നു. സമാധാനപരമായ പ്രതിഷേധം തടയുന്നതും ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്കും ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ബെെഡൻ പറയുന്നു. പാര്‍ലമെന്റ് കശ്മീർ വിഭജനം നടപ്പാക്കിയ പശ്ചാതലത്തിലായിരുന്നു മുൻ അമേരിക്കൻ വെെസ് പ്രസിഡന്റിന്റെ വാക്കുകൾ.
അസമിൽ നടപ്പിലാക്കുന്ന ദേശീയ പൗരത്വ പട്ടികയുടെ കാര്യത്തിൽ ഇന്ത്യ നിരാശപ്പെടുത്തിയെന്നും ബെെഡൻ പറയുന്നു. എൻ.ആർ.സിക്ക് ശേഷമുണ്ടായിത്തീരുന്ന കാര്യങ്ങളെ കുറിച്ചും നല്ല അഭിപ്രായമല്ല ഡെമോക്രാറ്റ് നേതാവിനുള്ളത്. ബഹുസ്വരതക്കും മതേതരത്വത്തിനും പേരുകേട്ട ഇന്ത്യൻ ജനാധിപത്യത്തിന് യോജിച്ചതല്ല പാർലമെന്റ് പാസാക്കിയ പൗരത്വ നിയമഭേദഗതിയെന്നും ബെെഡന്റെ നയരേഖ വ്യക്തമാക്കുന്നു.