മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ,എ എം.സി കമറുദീനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. രാവിലെ 10:30 ഓടെയാണ് കമറുദ്ദീൻ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്വർണവും പണവും തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് എം.സി കമറുദ്ദീൻ എം.എൽ എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കാസർകോട് കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 115 എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും ശേഷം പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറുകയായിരുന്നു. ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കൂടാതെ മധ്യസ്ഥ നീക്കം നടത്താൻ ലീഗ് സംസ്ഥാന നേതൃത്യം ചുമതലപ്പെടുത്തിയ കല്ലട്ര മാഹിൻ ഹാജിയിൽ നിന്നും എസ്.ഐ.ടി വിരങ്ങൾ ശേഖരിച്ചിരുന്നു.
2007-ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നാണ് ഫാഷൻ ഗോൾഡിനെതിരായ പ്രധാന ആക്ഷേപം. നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്ചിത തുക ലാഭ വിഹിതമായി നൽകാമെന്ന കരാർ പ്രകാരമാണ് പണം സ്വീകരിച്ചതെന്നും പരാതിയുണ്ട്. നിക്ഷേപം സ്വീകരിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കാനായി കമ്പനി രജിസ്ട്രാറിൽ നിന്ന് എസ്.ഐ.ടി വിവരങ്ങൾ ശേഖരിച്ചിരുന്നു. നിക്ഷേപകരുടെയും ഉടമകളുടെയും ബാങ്ക് സ്റ്റേറ്റ്മെന്റും എസ്.ഐ.ടി പരിശോധിച്ചിരുന്നു.