ഒഡീഷയിൽ ഒരു കുടുംബത്തിലെ ആറംഗങ്ങളെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലാണ്. ഭാര്യയും ഭർത്താവും നാല് മക്കളുമാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒഡീഷയിലെ ബൊലാംഗീർ ജില്ലയിലാണ് സംഭവം. മൃതദേഹങ്ങളെല്ലാം നിലത്ത്, ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു. ബുലു ജാനി (50), ഭാര്യ ജ്യോതി (48), പെണ്മക്കളായ ജ്യോതി, സരിത, ആണ്മക്കളായ ഭീഷ്മ, സഞ്ജീവ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിൻ്റെ വാതിൽ പതിവില്ലാതെ ദീർഘനേരം അടഞ്ഞുകിടക്കുന്നത് കണ്ട അയൽവാസികൾക്ക് സംശയം തോന്നുകയും ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനയച്ചു.
കഴിഞ്ഞ പത്ത് വർഷമായി തേൻ വില്പന നടത്തിയാണ് ഈ കുടുംബം ജീവിച്ചിരുന്നതെന്ന് അയൽക്കാർ പറയുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.