ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്ജ് ഓഫ് ദി വേൾഡിന് താഴെയാണ് ഒരുങ്ങുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വിനോദ നഗരി സൗദിയിൽ ഒരുങ്ങുന്നു. ഖിദ്ദിയ്യ എന്ന് പേരിട്ട വിനോദ നഗരി, റിയാദിലെ എഡ്ജ് ഓഫ് ദി വേൾഡിന് താഴെയാണ് ഒരുങ്ങുന്നത്. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. സൗദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി. ആദ്യ ഘട്ടം പൂർത്തിയാക്കി 2023ൽ തുറക്കും. അന്ന് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർ കോസ്റ്റർ, ഏറ്റവും ഉയരത്തിലുള്ള ഡ്രോപ് ടവർ, ലോകത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് എന്നിവ രാജ്യത്തിന് സമർപ്പിക്കും.
അടുത്ത വർഷം നടക്കുന്ന ഫോർമുല വണിനായി ട്രാക്കൊരുങ്ങുന്നതും ഖിദ്ദിയ്യയിലാണ്. അടുത്ത മാസം നടക്കുന്ന നറുക്കെടുപ്പിൽ വിജയിച്ചാൽ 2030 ഏഷ്യൻ ഗെയിംസിനും ഖിദ്ദിയ്യ അത്ലറ്റിക് വില്ലേജാകും. എഡ്ജ് ഓഫ് ദി വേൾഡിനോട് ചേർന്ന് തൂങ്ങി നിൽക്കുന്ന രൂപത്തിലാണ് സ്റ്റേഡിയങ്ങൾ ഒരുങ്ങുക.
ആദ്യ ഘട്ട ജോലികൾ അതിവേഗത്തിലാണ് മുന്നേറുന്നത്. 300 ഓളം പ്രൊജക്ടുകൾ തയ്യാറാകും ഖിദ്ദിയ്യയിൽ. ഇതിൽ നൂറെണ്ണം ലോക റെക്കോർഡ് തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേക നിയമങ്ങളാകും ഈ മേഖലയിൽ ഉണ്ടാവുക. സ്കിസ് ഫ്ലാഗ്സിന്റെ ലോകോത്തര തീം പാര്‍ക്കുകള്‍, മോട്ടോര്‍ സ്പോര്‍ട്സ്, സഫാരി പാര്‍ക്ക് തുടങ്ങി 43 മേഖലകളിലാണ് പദ്ധതികള്‍. ഡിസ്നി വേള്‍ഡ് ഉള്‍പ്പെയുള്ള പദ്ധതിയില്‍ വന്‍കിട നിക്ഷേപത്തിനൊപ്പം ജോലി സാധ്യതകള്‍ കൂടി തുറന്നിടും. സ്വദേശികൾ മാത്രമല്ല, ഇവിടെ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്ക് വിദേശികളുമുണ്ട്. 17,000 സ്ഥിരം ജോലികളും ലക്ഷത്തോളം അനുബന്ധ ജോലികളുമാണ് ഖിദ്ദിയ്യ തുറന്നിടുക.