ചെന്നൈയിൽ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒത്തു തീർപ്പിനിടെ മരുമകൾ ഭർത്താവിനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്നു. സംഭവത്തെ തുടർന്ന് ഭാര്യാ സഹോദരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.
രാജസ്ഥാൻ സ്വദേശികളായ ദളിത് ചന്ദ്, ഭാര്യ പുഷ്പ, മകൻ ശീതൾ എന്നിവരാണ് കൊല്ലപ്പെട്ടത്. ശീതളിന്റെ ഭാര്യ ജയമാലയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പറഞ്ഞു തീർക്കുന്നതിനിടെയാണ് ജയമാലയെ വീട്ടിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചർച്ചക്കിടെ തർക്കം ഉടലെടുക്കുകയും ജയമാലയും സഹോദരന്മാരും ചേർന്ന് ഇവരെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഫോണിൽ പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ഇവരുടെ മകൾ കുടുംബാഗങ്ങളെ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇവരെ കണ്ടത്.
സൈലൻസർ ഘടിപ്പിച്ച തോക്കുകൊണ്ടാവാം വെടിയുതിർത്തത് എന്നാണ് സൂചന. ശീതളും ജയമാലയും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയിൽ നടക്കുകയാണ്. 5 കോടി രൂപയാണ് ജയമാല ജീവനാംശമായി ചോദിച്ചത്. ഇതിൽ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് സഹോദരൻ ഉൾപ്പെടെയുള്ളവർ മഹാരാഷ്ട്രയിലെ സോലാപൂരിൽ നിന്ന് പിടിയിലായി.