മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കരപ്പറമ്പില്‍ ലീഗ് – കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍. ഇതോടെ യുഡിഎഫ് മുന്നണിയില്‍ മത്സരിക്കാന്‍ ഇല്ലെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു. അതേ സമയം മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മക്കരപ്പറമ്പ് ഡിവിഷനില്‍നിന്നും ലീഗിന് റിബലായി കോണ്‍ഗ്രസിലെ മുഹമ്മദ് കാസിമും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ വ്യാപകമായി മുസ്ലിം ലീഗ് റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചാണ് താന്‍ മക്കരപ്പറമ്പ് ഡിവിഷനില്‍നിന്നും സ്വതന്ത്ര്യസ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നും വടക്കേകുളമ്പ് അഞ്ചാംവാര്‍ഡ് കമ്മിറ്റി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന മുഹമ്മദ് കാസിം പറഞ്ഞു.
തനിക്ക് ഇന്ത്യന്‍ഗാന്ധിയന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പിന്തുണയുണ്ടെന്നും കാസിം പറഞ്ഞു. മക്കരപ്പറമ്പില്‍ യുഡിഎഫ് ധാരണപ്രകാരം 9,4,13 വാര്‍ഡുകളാണ് കോണ്‍ഗ്രസിനായി മുന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുന്നണി മര്യാദകള്‍ തെറ്റിച്ചുകൊണ്ട് ലീഗ് സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി എന്നതാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.