എന്‍.സി.പി വനിതാ നേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യശസ്വിനി മഹിള ബ്രിഗേഡ് എന്ന പ്രാദേശിക സംഘടനയുടെ നേതാവ് കൂടിയായ രേഖ ഭൂഷഭ് ജാരെ ആണ്(39) കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.20 ഓടെയാണ് കൊലപാതകം നടന്നത്. പൂനെയില്‍ നിന്നും അഹമ്മദ്നഗറിലേക്ക് കാറില്‍ പോവുകയായിരുന്നു രേഖ. ഈ സമയം രേഖയുടെ അമ്മയുടെ മകനും സുഹൃത്തും കൂടെയുണ്ടായിരുന്നു. മുംബൈയിൽ നിന്ന് 230 കിലോമീറ്റർ അകലെയുള്ള പാർനറിലെ ജാറ്റെഗാവ് ഘട്ടിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവര്‍ രേഖയുമായി വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു. ബന്ധുക്കള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും തര്‍ക്കം തുടര്‍ന്നു. വാക്കേറ്റത്തിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ കത്തിയെടുത്ത് രേഖയുടെ തൊണ്ട മുറിച്ചു. ഇതോടെ രേഖ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റാകുന്നതിന് മുന്‍പ് തന്നെ മരണം സ്ഥിരീകരിച്ചു. അക്രമികള്‍ക്കെതിരെ അഹമ്മദ്നഗര്‍ സൂപ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.