തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് എന്‍ഐഎ. സിദ്ദിഖുല്‍ അക്ബര്‍, മുഹമ്മദ് ഷമീര്‍, രതീഷ്, അഹമ്മദ് കുട്ടി എന്നിവര്‍ക്ക് എതിരെയാണ് നടപടി. പ്രതികള്‍ നാല് പേരും യുഎഇയില്‍ ഉണ്ടെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.
പ്രതികളെ പിടികൂടാന്‍ എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി. പ്രതികള്‍ക്ക് എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്.
അതേസമയം കേസില്‍ റബിന്‍സിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. നിലവില്‍ എന്‍ഐഎയുടെ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആണ് റബിന്‍സ്. ജയിലില്‍ എത്തിയായിരിക്കും അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ശേഷം റബിന്‍സിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
റബിന്‍സിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കഴിഞ്ഞദിവസം കോടതി അനുമതി നല്‍കിയിരുന്നു. അതേസമയം, സി എം രവീന്ദ്രന് നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടും, കത്തും എന്‍ഫോഴ്സ്മെന്റ് ഇന്ന് പരിശോധിക്കും. ഇതിനുശേഷമായിരിക്കും ഇ ഡി തുടര്‍ നടപടികള്‍ സ്വീകരിക്കുക.