സ്വപ്നയ്ക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദക്ഷിണമേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ മേധാവി ഉടൻ സർക്കാരിന് കൈമാറും.
ജയിലില്‍ ഭീഷണിയെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന സ്വപ്നയുടെ നിലപാട് ഉദ്ധരിച്ചാണ് ഡി.ഐ.ജിയുടെ കണ്ടെത്തല്‍. സ്വപ്നയെ പാർപ്പിച്ച മറ്റ് ജയിലുകളിലെയടക്ക കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാന്‍ നിർദ്ദേശിച്ചതായി ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.
സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ദക്ഷിണ മേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍ അന്വേഷണം നടത്തിയത്. അട്ടക്കുളങ്ങര ജയില്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ സ്വപ്നയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടതായാണ് ഡി.ഐ.ജിയുടെ കണ്ടെത്തല്‍.
ജയിലിലെത്തി ഡി.ഐ.ജി നടത്തിയ വിവരശേഖരണത്തിനിടെ അട്ടക്കുളങ്ങര ജയിലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സ്വപ്നയെടുത്ത നിലപാട്. അഭിഭാഷകന് തെറ്റിദ്ധരിച്ചായിരിക്കാം അട്ടക്കുളങ്ങര ജയിലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തയ്യാറാക്കിയത്. അപേക്ഷയില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്ന പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ കോടതിയില്‍ വാക്കാല്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തമായ മറുപടി സ്വപ്ന ഡി.ഐ.ജിക്ക് നല്‍കിയിട്ടില്ല. ഡി.ഐ.ജി റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി. ആരോപണത്തില്‍ വിശദമായ അന്വേഷണത്തിനാണ് ജയില്‍ ഡി.ഐ.ജിയുടെ തീരുമാനം. ഇതിനായി സ്വപ്നയെ പാര്‍പ്പിച്ച മറ്റ് ജയിലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്ന് വരികയാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.
സ്വപ്ന രേഖാമൂലം ഇതുവരെ പരാതി നല്കാത്തതിനാല് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് സര്‍ക്കാരിന് കൈമാറാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.