ബി.ജെ.പി പാലക്കാട് നഗരസഭയില്‍ വിജയിച്ചതിന്റെ ആഘോഷറാലിയില്‍ പങ്കെടുത്തുള്ള വീഡിയോ പങ്കുവെച്ചാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.
പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ബി.ജെ.പി പാലക്കാട് നഗരസഭയില്‍ വിജയിച്ചതിന്റെ ആഘോഷറാലിയില്‍ പങ്കെടുത്തുള്ള വീഡിയോ പങ്കുവെച്ചാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷമില്ലാതെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലെത്തിയ ബി.ജെ.പി ഇത്തവണ ഭൂരിപക്ഷം ഉറപ്പിച്ചാണ് പാലക്കാട് നഗരസഭ ഭരണം പിടിച്ചത്. 52 അംഗ നഗരസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം ഉറപ്പിച്ചത്. 27 ആയിരുന്നു കേവലഭൂരിപക്ഷം. കഴിഞ്ഞ തവണ 24 ഇടത്താണ് ബി.ജെ.പി ജയിച്ചത്.
അതെ സമയം പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം മുഴക്കിയും ‘ജയ് ശ്രീറാം’ ബാനറുയര്‍ത്തിയും ബി.ജെ.പി നടത്തിയ ആഘോഷം വിവാദമായി. നഗരസഭ പിടിച്ചതിന് പിന്നാലെ നടത്തിയ ആഘോഷ പരിപാടിക്കിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം എന്നെഴുതി, ശ്രീരാമന്റെ ചിത്രം പതിച്ച ബാനര്‍ നഗരസഭാ കെട്ടിടത്തിന് മുന്നില്‍ ഉയര്‍ത്തിയത്. ബി.ജെ.പി നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞതവണ പാലക്കാട് നഗരസഭയില്‍ 13 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ 12 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. എന്നാൽ 9 സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫ് ഇത്തവണ 6 ലേക്ക് ചുരുങ്ങി. വെയൽഫെയർ പാർട്ടിക്ക് ഒരു സീറ്റ് ആണ് ഇവിടെ ലഭിച്ചത്. രണ്ട് യുഡിഎഫ് വിമതരും നഗരസഭയില്‍ വിജയിച്ചു.