കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ മരണ കാരണം ഹൃദയ ധമനിക്ക് കുത്തേറ്റതിനാല്‍

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം കേസില്‍ പിടികൂടിയ പ്രതികള്‍ ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യുമെന്നും വിവരം.

 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ബസ് കാത്തിരിപ്പ് കേന്ദ്രവും അക്രമികള്‍ തകര്‍ത്തു.

അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിലായിലായിരുന്നു. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറി ഇര്‍ഷാദാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാള്‍ മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇര്‍ഷാദിനെ കാഞ്ഞങ്ങാട്ട് എത്തിച്ചു. ഇര്‍ഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസഹാഖിനെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ബുധനാഴ്ച രാത്രി 10.30ഓടെയാണ് കല്ലൂരാവി മുണ്ടത്തോടുവച്ച് അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുള്‍ റഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.