ഓസ്ട്രേലിയ 195 റൺസിന് പുറത്താക്കിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 എന്ന നിലയിലാണ്.മെൽബൺ: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയരെ 195 റൺസിന് പുറത്താക്കിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 36 എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ (28), ചേതേശ്വർ പുജാര (7) എന്നിവരാണ് ക്രീസിൽ.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മൂന്നുപേരെ പുറത്താക്കിയ രവിചന്ദ്രൻ അശ്വിനും അരങ്ങേറ്റത്തിൽ രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് സിറാജുമാണ് ഓസീസിനെ അവരുടെ മണ്ണിൽ വശംകെടുത്തിയത്. മാത്യു വേഡ് (30), മാർനസ് ലബുഷെയ്ൻ (48), ട്രവിസ് ഹെഡ് (38) എന്നിവരുടെ ചെറുത്തുനിൽപ്പും വെറ്ററൻ താരം നതാൻ ലിയോണിന്റെ കാമിയോയും (20) ഇല്ലായിരുന്നെങ്കിൽ ഓസീസിന്റെ സ്ഥിതി ഇതിലും ദയനീയമായേനെ.
10 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ നിന്ന ഓപ്പണർ ജോ ബേൺസിനെ പൂജ്യത്തിന് മടക്കി ബുംമ്രയാണ് തുടക്കമിട്ടത്. മാത്യു വേഡിനെയും (30) സ്റ്റീവൻ സ്മിത്തിനെയും (0) പുറത്താക്കി അശ്വിൻ ഇന്ത്യയുടെ തുടക്കം ഗംഭീരമാക്കി. തുടർന്ന് ലബുഷെയ്നും ട്രാവിസ് ഹെഡും ചേർന്ന് ഓസീസ് സ്കോർ 100 കടത്തി. ഹെഡിനെ പുറത്താക്കി ബുമ്ര ഈ കൂട്ടുകെട്ടു പൊളിച്ചു.
132 പന്തുകൾ നേരിട്ട ലബുഷെയ്നെ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് സിറാജ് കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടുപിന്നാലെ കാമറൂൺ ഗ്രീനിനെയും സിറാജ് മടക്കി. 13 റൺസെടുത്ത ക്യാപ്റ്റൻ ടിം പെയ്ൻ ഹനുമാ വിഹാരിക്കു ക്യാച്ച് നൽകിയാണ് പുറത്തായത്.
മിച്ചൽ സ്റ്റാർക്കിനെ (7) ബുംറ സിറാജിന്റെ കൈകളിലെത്തിച്ചതോടെ ഓസീസ് എട്ടിന് 164 എന്ന നിലയിൽ തകർന്നെങ്കിലും പത്താമനായെത്തിയ ലിയോൺ 17 പന്തിൽ രണ്ട് ഫോറും ഒരു സിക്സറുമടക്കം 20 റണ്ണടിച്ച് സന്ദർശകർക്ക് പ്രതീക്ഷ നൽകി. എന്നാൽ വെറ്ററൻ സ്പിന്നറെ വിക്കറ്റിനു മുന്നിൽ കുടുക്കി ബുംറ ഭീഷണി അവസാനിപ്പിച്ചു. പാറ്റ് കമ്മിൻസിനെ (9) ജഡേജ കൂടി പുറത്താക്കിയതോടെ ഓസീസ് തുടർച്ചയായി രണ്ടാം ടെസ്റ്റിലും 200 കടക്കാതെ പുറത്തായി.
സന്ദർശക ബൗളർമാർ ആസ്വദിച്ചു പന്തെറിഞ്ഞ പിച്ചിൽ മായങ്ക് അഗർവാളിനെ (0) ഒന്നാം ഓവറിൽ തന്നെ മടക്കി മിച്ചൽ സ്റ്റാർക്ക് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും ശുഭ്മൻ ഗില്ലും പുജാരയും കൂടുതൽ നഷ്ടങ്ങളില്ലാതെ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 38 പന്ത് നേരിട്ട ഗിൽ അഞ്ച് ബൗണ്ടറി നേടിയപ്പോൾ പുജാര 23 പന്തിൽ ഒരു ബൗണ്ടറിയടക്കമാണ് ഏഴ് റണ്ണെടുത്തത്.